Dharamshala ODI: India Lost To Srilanka
ധർമശാല ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 7 വിക്കറ്റ് ജയം. 112 എന്ന ചെറിയ ടോട്ടല്‍ പിന്തുടർന്ന ലങ്ക 20 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. ഉപുല്‍ തരംഗയുടെ 49 റണ്‍സാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. ഒരു ഘട്ടത്തില്‍ 19-2 എന്ന നിലയില്‍ ലങ്കയുടെ നില പരുങ്ങിയെങ്കിലും തരംഗയുടെ ഇന്നിങ്സില്‍ ലങ്ക ജയം പിടിച്ചെടുത്തു. 49 റണ്‍സെടുത്ത തരംഗയെ ഹർദീക് പാണ്ഡ്യയാണ് മടക്കിയത്. ഇന്ത്യൻ നിരയിൽ വെറും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി എട്ട് പേരുടെ കളി രണ്ടക്കം കാണാതെ അവസാനിച്ചു. രണ്ടോവറിൽ സകോർ ബോർഡ് പോലും തുറക്കുന്നതിന് മുന്പേ ശിഖർ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനെ പറ്റിയില്ല. രോഹിത് ശർമ 2, ശ്രേയസ് അയ്യർ 9, കാർത്തിക് 0, മനീഷ് പാണ്ഡെ 2, പാണ്ഡ്യ 10, ഭുവി 0 എന്നിങ്ങനെയാണ് ധോണി ഒഴികെയുള്ളവരുടെ ബാറ്റിംഗ് കാർഡ്. 19 റൺസെടുത്ത കുൽദീപ് യാദവിനൊപ്പം ധോണി അടിച്ചെടുത്ത റണ്‍സുകളാണ് ഇന്ത്യയെ 100 എങ്കിലും കടത്തിയത്.